നിപ സംശയം: കെ.കെ. ശൈലജയുടെ പത്രസമ്മേളനം ഇന്ന് രാവിലെ

kk-shailajaaaa

കൊച്ചി: നിപ വൈറസ് സംശയത്തെ തുടര്‍ന്ന് യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പത്രസമ്മേളനം നടത്തും. നിപ വൈറസ് ബാധ സംശയിക്കുന്ന യുവാവിന്റെ രക്തസാമ്പിളിന്റെ പരിശോധന ഫലത്തെ സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മന്ത്രി വിശദീകരിച്ചേക്കും.

നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പറവൂര്‍ സ്വദേശിയായ യുവാവിനെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേസമയം, മുന്‍കരുതലെന്ന നിലയില്‍ ഇയാളുമായി ഇടപഴകിയ 86 പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1077 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവിടെനിന്ന് വിവരങ്ങള്‍ ലഭ്യമാകും. 1056 എന്ന ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറില്‍നിന്നും ജനങ്ങള്‍ക്ക് വിവരങ്ങളറിയാം.

Top