ആഘോഷങ്ങള്‍ക്ക് മാത്രമല്ല, നിപ ഭീഷണി ചെറുക്കാനും നല്‍കണം അവധി

കൊച്ചി: ആഘോഷങ്ങള്‍ക്ക് യഥേഷ്ടം അവധി പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നിപ ഭീഷണിയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ ആശങ്ക വ്യാപകമാണ്.സംസ്ഥാനത്ത് ഇതുവരെ 311 പേരാണ് ആരോഗ്യ വകുപ്പിന്റെ കടുത്ത നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥിയെ ചികിത്സിച്ച രണ്ടു നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരും തീവ്ര പരിചരണ വിഭാഗത്തിലാണ്. നിപയെ ചെറുത്ത് തോല്‍പ്പിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ആശങ്ക ആശങ്ക തന്നെയാണ്. പ്രത്യേകിച്ച് നിപ പോലെ മാരകമായ ഒരു വൈറസാണ് വീണ്ടും എത്തിയത് എന്നതിനാല്‍ ജാഗ്രത അനിവാര്യമാണ്.

ഈ സാഹചര്യത്തില്‍ കുട്ടികള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. നിപയുടെ ഭീഷണി ഒഴിവായി എന്ന് ഉറപ്പിക്കും വരെ ജാഗ്രത വേണ്ടത് തന്നെയാണെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു.

നാട്ടിന്‍ പുറത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ മാമ്പഴങ്ങള്‍ ഉള്‍പ്പെടെയുള്ളവ എറിഞ്ഞ് വീഴ്ത്തിയും നിലത്ത് വീണത് എടുത്ത് ഭക്ഷിക്കുന്നതും പതിവ് കാഴ്ചയാണ്.

എത്ര പറഞ്ഞാലും അനുസരിക്കാത്ത പ്രായത്തിലുള്ള ഈ കുട്ടികളില്‍ ഒരു കണ്ണ് രക്ഷിതാക്കളിലും അദ്ധ്യാപകരിലും മാത്രമല്ല നാട്ടുകാരിലും ഉണ്ടാകുന്നത് നല്ലതാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അല്പം കൂടി നീട്ടണമെന്നതാണ് ജനങ്ങള്‍ക്കിടയിലും ഉയര്‍ന്ന് വന്നിരിക്കുന്ന വികാരം. എന്നാല്‍ സ്‌കൂള്‍ ജൂണ്‍ ആറാം തിയ്യതി തന്നെ തുറക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Top