നിപ വൈറസ്; വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം ഇന്ന് തുടങ്ങും

കോഴിക്കോട്: നിപ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമം ഇന്ന് തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ പരിശോധനാ ഫലവും ഇന്നു പുറത്തുവരും.

നിപ ബാധയുടെ ഉറവിടം കണ്ടെത്താനായി തീവ്ര ശ്രമമാണ് നടക്കുന്നത്. രോഗ ബാധ സ്ഥീരീകരിച്ച പ്രദേശത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ വലകെട്ടി വവ്വാലുകളെ പിടികൂടാനാണ് ശ്രമം. നേരത്തെ അവശനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു.

അതേസമയം, മരിച്ച 12കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന 68പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്നത് ആശ്വാസം പകരുന്നുണ്ട്. എങ്കിലും മേഖലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. 274 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

Top