നിപ: ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു; പനിമാറി

nipah 1

കൊച്ചി: നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. യുവാവിന് കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. രോഗിയുടെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുള്ളതായി കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ളയും അറിയിച്ചു. യുവാവിനിപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

നിപ സംശയത്തെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴുരോഗികളുടെയും സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിപയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റുചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റൊരാളെ ഐ.സി.യു.വിലേക്കും മാറ്റി. എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം പരിശോധിച്ച അഞ്ച് സാമ്പിളുകളിലും നിപ കണ്ടെത്തിയിട്ടില്ല. 10 സാമ്പിളുകള്‍കൂടി പരിശോധിക്കുന്നുണ്ട്.

യുവാവുമായി അടുത്തിടപഴകിയവരില്‍ ഉള്‍പ്പെട്ട മാവേലിക്കരയില്‍നിന്നുള്ള ഇരുപത്തേഴുകാരിയെ പനിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഇവരെ വീട്ടില്‍നിന്ന് ആംബുലന്‍സിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയില്‍ കൊണ്ടുവന്നത്.

അതേസമയം നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുകയാണ്. ആലുവ പാലസില്‍ 45 വവ്വാലുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ബുധനാഴ്ച പറവൂര്‍ മേഖലയില്‍ സാമ്പിളുകള്‍ ശേഖരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Top