നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴു പേര്‍ക്കും നിപയില്ല ; സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി

shailaja

കൊച്ചി: കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴു പേര്‍ക്കും നിപയില്ലെന്ന പരിശോധനാ ഫലം ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും അടുത്തമാസം പകുതിവരെ നിരീക്ഷണം തുടരുമെന്നും നിപ പ്രതിരോധത്തിന് കൂടുതല്‍ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി ഡല്‍ഹില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ഇക്കാര്യം ധരിപ്പിക്കുമെന്നും നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളതെന്നും വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴാമത്തെയാളുടെ സാമ്പിളും നെഗറ്റീവ് ആയിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് സ്ഥാപിച്ച താല്‍ക്കാലിക ലാബിലാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിള്‍ പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. ഇതോടെ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയൊഴികെ ആര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. തൃശ്ശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളും നിപയല്ലെന്ന് വ്യക്തമായെന്ന്
ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു.

Top