നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പാക്കുമെന്ന് മോദി

തൃശൂര്‍: നിപ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

ബനാറസ് പോലെത്തന്നെയാണ് കേരളവും. വോട്ട് ചെയ്തവരെ പോലെ തന്നെ വോട്ട് ചെയ്യാത്തവരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ജനസേവനം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

അതേസമയം ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ മോദി താമരപ്പൂകൊണ്ട് തുലാഭാരം നടത്തുകയും പ്രത്യേകം നെയ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top