നിപ വൈറസ് വീണ്ടും സംസ്ഥാനത്ത് പരിഭ്രാന്തി പടര്‍ത്തുകയാണ്. കോഴിക്കോട് ദുരന്തം വിതച്ച വൈറസ് ചെറിയ ഇടവേളക്ക് ശേഷമാണ് മധ്യകേരളത്തിലും ഭീതി പടര്‍ത്തുന്നത്. എന്തൊക്കെ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായാലും ഈ സാഹചര്യത്തില്‍ ജനങ്ങളാണ് ആദ്യം മുന്‍കരുതല്‍ സ്വീകരിക്കേണ്ടത്.
ലോകത്തെ ഞെട്ടിച്ച് ഭൂമുഖത്ത് പെട്ടെന്ന് പ്രത്യക്ഷമായ എബോള രോഗത്തിനും സിക വൈറസിനും ശേഷം മൂന്ന് വൈറസുകളാണ് അപകടകാരികളായി കണ്ടെത്തിയിരിക്കുന്നത്. അതില്‍ പ്രധാനമാണ് നിപ വൈറസ്. മിഡില്‍ ഈസ്റ്റേണ്‍ റെസിപിറേറ്ററി സിന്‍ഡ്രോം, ലാസ ഫീവര്‍ എന്നിവയാണ് മറ്റുള്ളവ. വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സി.ഇ.പി.ഐ തന്നെ 2017ല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതില്‍ മിഡില്‍ ഈസ്റ്റ് റെസിപറേറ്ററി സിന്‍ഡ്രോം കോറോണ, വൈറസ് പരത്തുന്ന രോഗമാണ്. കടുത്ത പനി, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗിക്ക് കടുത്ത ശ്വാസതടസ്സം നേരിടും. നിപയെ പോലെ തന്നെ വവ്വാല്‍, ഒട്ടകം എന്നിവയിലൂടെ വൈറസ് മനുഷ്യരിലേക്ക് പകരും. മുന്‍പ് ദക്ഷിണ കൊറിയയിലും സൗദി അറേബ്യയിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1969ല്‍ നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലാസ ഫിവര്‍ എലിയുടെ വിസര്‍ജ്യത്തില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗമാണ്. ഒരിക്കല്‍ ഈ രോഗം ബാധിച്ചാല്‍ രോഗിയുടെ ശരീരത്തിലെ സ്രവങ്ങള്‍ വഴി മറ്റുള്ളവരിലേക്ക് വളരെ പെട്ടെന്ന് തന്നെ ലാസ ഫിവര്‍ പടരും. വെസ്റ്റ് ആഫ്രിക്കയില്‍ വ്യാപകമായി കണ്ടുവരുന്ന ഈ രോഗം ഇതുവരെ പ്രതിവര്‍ഷം 5000 പേരുടെ മരണത്തിനാണ് കാരണമായിരിക്കുന്നത്. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മലേഷ്യയിലാണ്. കടുത്ത പനി, തലവേദന, ഉറക്കം തൂങ്ങുക, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്. വൈറസ് പടരാതെ ഫലപ്രദമായി കേരളം ഇതിനെ ചെറുത്തതിനാല്‍ വലിയ ആള്‍ നാശം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു.
വളരെ പെട്ടെന്ന് തന്നെ പടരുന്ന രോഗമാണ് നിപ. കോഴിക്കോടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ വൈറസിനെ തുരത്താനുള്ള ശേഷി കേരളത്തിലെ ആരോഗ്യമേഖല ആര്‍ജിച്ചിട്ടുണ്ട്.
മലേഷ്യയില്‍ നിന്നുള്ള റിബ വൈറിന്‍ എന്ന മരുന്നാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. പ്രതി പ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്.
1998 ലാണ് ആദ്യമായി ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗമാണിത്.
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നു മാത്രമല്ല, പന്നികളില്‍ നിന്നു പോലും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ആശുപത്രി ജീവനക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും വൈറസ് പകരും.

അഞ്ചു മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്ര ദിവസങ്ങള്‍ തന്നെ വേണ്ടിവരും.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് രോഗലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനം പുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടവയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഒന്നു രണ്ടു ദിവസത്തിനകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യത കൂടുതലാണ്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫ ലൈറ്റിസ് ഉണ്ടാവാനും സാധ്യത ഉണ്ട്.
വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും പഴവര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുകയാണ് രോഗം വരാതിരിക്കാനുള്ള ആദ്യ മാര്‍ഗ്ഗം. തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ളും മാറ്റി നിര്‍ത്തേണ്ടതാണ്.
ഇനി നിപ ബാധിച്ച രോഗിയില്‍ നിന്നും പടരാതിരിക്കാനാണെങ്കിലും മുന്‍കരുതല്‍ വേണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
രോഗിയുമായി ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും ദൂരം പാലിക്കണം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രഹികള്‍ പ്രത്യേകം സൂക്ഷിക്കുന്നതാണ് ഉചിതം. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പ്രത്യേകം കഴുകി ഉണക്കേണ്ടതാണ്.
മാസ്‌ക്, ഗ്ലൗസ്, ഗൗണ്‍ എന്നിവ രോഗിയുമായി ഇടപഴകുമ്പോള്‍ ധരിക്കേണ്ടതാണ്. കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിലാണ് ഉണക്കേണ്ടത്.
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കും നിപ എന്ന വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ ചെറുതായാല്‍ പോലും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട ഒരു ആവശ്യവും തന്നെ ഇല്ല. കാരണം നമുക്ക് ഈ വൈറസിനെ തുരത്തിയ ചരിത്രമുണ്ട്. അത് തുടരാന്‍ ജനങ്ങളുടെ സഹകരണമാണ് ആവശ്യം. പരിഭ്രാന്ത്രി പടര്‍ത്തുന്ന വിവരങ്ങള്‍ ഒരിക്കലും പ്രചരിപ്പിക്കരുത്. നേരിടാം നമുക്ക് ഒറ്റക്കെട്ടായി വീണ്ടും നിപയെ.