രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്

nipah virus

ഡല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. പൂണെ ഐ.സി.എം.ആര്‍-നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട് നടത്തിയ ദേശീയ സര്‍വേയിലാണ് കണ്ടെത്തല്‍. 2023 ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ നടന്നു.

ഇതില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് വവ്വാലുകളില്‍ നിപ വൈറല്‍ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

വൈറോജളി ഇന്‍സ്റ്റിട്ട്യൂട്ടില്‍ എപ്പിഡമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം മുന്‍ മേധാവി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ആണ് ഒരു ദേശീയ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കണ്ടെത്തല്‍ പ്രകാരം രാജ്യത്ത് കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും ചെറിയരീതിയില്‍ നിപ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. ഗംഗാഖേദ്കര്‍ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ മനുഷ്യരെ ബാധിച്ച നിപ വൈറസ്, മുന്‍പ് ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിന്റെ വകഭേദമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. മലേഷ്യയില്‍ കണ്ടെത്തിയ വൈകഭേദത്തെ അപേക്ഷിച്ച്, മരണനിരക്ക് കൂടുതലാണ് ഈ വൈറസ് വകഭേദം ബാധിച്ചവരില്‍.

Top