കേരളത്തിൽ നാലു പേർക്കു നിപ്പ സ്ഥിരീകരിച്ചതായി വീണാ ജോർജ്; 168 പേര്‍ സമ്പർക്ക പട്ടികയിൽ

കോഴിക്കോട് : കേരളത്തിൽ നാലു പേർക്കു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വീണാ ജോർജ് പങ്കുവച്ചത്. മരിച്ച രണ്ടുപേർക്കും നിപ്പ സ്ഥിരീകരിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സ്ഥിരീകരിച്ചിരുന്നില്ല.

ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകൾ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുന്നുവെന്ന് മന്ത്രി അറിയിച്ചു. 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്നലെ മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്പർക്കമുണ്ടായത്. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയെന്നും മന്ത്രി അറിയിച്ചു. നിപ്പയെ അതിജീവിച്ച അനുഭവമുള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

‘‘സമ്പർക്കപ്പട്ടികയിൽ ആകെ 168 പേരുണ്ട്. ആദ്യത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ്. അതിൽ 127 ആരോഗ്യപ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലും പരിസരത്തും ഉള്ളവർ. രണ്ടാമത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരാണുള്ളത്. എന്നാൽ, അതിൽ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൺട്രോള്‍ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കും. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താൻ ഇവർ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും.

പരിശോധനാഫലം രാത്രി 8.30ഓടെ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. പരിശോധനാഫലം വരുകയും അത് പോസിറ്റീവ് ആവുകയും ചെയ്താൽ ഇവർ പോയ സ്ഥലങ്ങൾ സംബന്ധിച്ച വിവരം പ്രസിദ്ധീകരിക്കും. വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സർവേ നടത്തും. 3 കേന്ദ്ര സംഘങ്ങൾ ബുധനാഴ്ച എത്തും. ആരും ആശങ്കപ്പെടേണ്ടതില്ല. ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ആരോഗ്യവകുപ്പും സർക്കാരും നൽകും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം’’– മന്ത്രി അറിയിച്ചു.

തുണേരിയിൽ ബ്ലോക്കുതല അവലോകന യോഗം നാദാപുരം അതിഥി മന്ദിരത്തിൽ ഇ.കെ.വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. പ്രാഥമിക സമ്പർക്ക പട്ടിയിൽ ഉൾപ്പെട്ടവൾ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ മാറി നിൽക്കണം. അനാവശ്യമായ ആശുപത്രി, മരണവീടുകൾ സന്ദർശനം പൂർണമായി ഒഴിവാക്കണം. പുണെ വൈറോളജി ഇന്റിസ്റ്റ്യൂട്ടിലെ റിപ്പോർട്ടിനു ശേഷം ആവശ്യമെങ്കിൽ പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗങ്ങൾ വിളിച്ചു ചേർക്കണമെന്നും തീരുമാനിച്ചു.

യോഗത്തിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.മുഹമ്മദലി, കെ.പി.പ്രദീഷ്, നസീമ കൊട്ടാരത്തിൽ, പി.ഷാഹിന, എൻ.പി.പത്മിനി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമരാജു, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

Top