നിപ്പ വൈറസ് പടര്‍ന്നത് വെള്ളത്തിലൂടെ; പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

കോഴിക്കോട്: നിപ്പ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തിലൂടെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. രോഗബാധിതരുടെ ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്തി. കിണറ്റില്‍ വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നും ഈ വവ്വാലുകളില്‍ നിന്നാണ് വൈറസ് ജലത്തില്‍ പടര്‍ന്നതെന്നും മന്ത്രി പറഞ്ഞു. കിണര്‍ മൂടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സംശയം തോന്നുന്ന എല്ലാ രോഗികളുടെയും രക്തസാമ്പിളുകളും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ടാക്‌സ് ഫോഴ്‌സിനെ രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. ഒരു റിസര്‍വ് ടീമിനെയും സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

രോഗികളെ പരിചരിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഇതിനായി ആവശ്യമാകുന്ന ചിലവിന്റെ കാര്യം പിന്നീട് സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കാമെന്ന് വാക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.

Top