നിപ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

harshavardan

ന്യൂഡല്‍ഹി: നിപ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും കേന്ദ്ര സംഘത്തിന്റെ നിരന്തര മേല്‍നോട്ടമുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

ആറ് പേരുടെയും സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം ചേരുക. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും. അധ്യയനവര്‍ഷം തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Top