നിപ വൈറസ്; ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി, 86 പേര്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങരുതെന്ന്

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി സര്‍ക്കാര്‍.

വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇടപഴകിയ ആളുകളുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിക്കുകയാണ്. ഇതുവരെ 86 പേരുകളാണ് സര്‍ക്കാര്‍ ശേഖരിച്ചിരിക്കുന്നത്. ഇവര്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങരുതെന്നാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ വേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹോം ക്വാറന്റൈന്‍ എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. അതിനാല്‍ തന്നെ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഒറ്റയ്ക്ക് ജാഗ്രതയോടെ കഴിയണമെന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ട 86 പേരില്‍ നാല് പേരില്‍ ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. നിപ വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ സുഹൃത്തുകളിലും ഇയാളെ ആദ്യം പരിചരിച്ച രണ്ട് നഴ്‌സുമാരിലുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Top