എറണാകുളത്ത് നിപയെന്ന് സംശയം; ആരോഗ്യമന്ത്രി കൊച്ചിയിലെത്തും

shylaja-kk

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയ്ക്ക് നിപയെന്ന് സംശയമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതലയോഗം ചേരുന്നു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് യോഗം ചെരുന്നത്.

അല്‍പസമയത്തിനകം ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തുന്നതാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ കെ ശൈലജ കൊച്ചിയിലേക്ക് എത്തുന്നത്. ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.

നിപ രോഗത്തിന് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ട എല്ലാ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

‘നിപ’ ബാധയുണ്ടെങ്കില്‍ അതിന് വേണ്ട എല്ലാ മരുന്നുകളും തയ്യാറാണെന്നും ആവശ്യമാണെങ്കില്‍ യുവാവ് കോഴ്സിനായി പോയ തൃശ്ശൂരിലേക്കും യുവാവ് പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജിലേക്കും മരുന്നുകള്‍ എത്തിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Top