ഭൂമിയിലെ മാലാഖമാരെ കരയിപ്പിച്ചവരും ഓർക്കണം, ഒടുവിൽ അവരേ ഉണ്ടാകൂ . . .

നിപ എന്ന വൈറസിനെ തുരത്താന്‍ കേരളം ഒന്നാകെ ഇപ്പോള്‍ കൈ കോര്‍ത്തിരിക്കുകയാണ്. രാഷ്ട്രീയ- ജാതി- മത ഭേദമന്യേയുള്ള വീണ്ടുമെരു ഒരുമിക്കല്‍. മുന്‍പ് നിപ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഈ ഒത്തൊരുമയായിരുന്നു നമുക്ക് അതിജീവനത്തിന് കരുത്ത് പകര്‍ന്നിരുന്നത്. മഹാപ്രളയം കൊടും നാശം വിതച്ചപ്പോഴും നമ്മള്‍ അതിനെ അതിജീവിച്ചതും മനസ്സുകള്‍ തമ്മിലുള്ള ഈ ഐക്യത്തിലാണ്. പരസ്പരമുള്ള സഹകരണത്തിലാണ്.

വൈറസായാലും പ്രകൃതിദുരന്തമായാലും ആദ്യം ജാഗ്രത പാലിക്കേണ്ടത് ജനങ്ങളാണ്. ഭരണകൂടം പരിമിതിക്കുള്ളിലും അതിന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കും എന്ന ആത്മവിശ്വാസവും നാടിനു വേണം. ഇപ്പോള്‍ നിപ്പയെ തുരത്താന്‍ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നത്. രോഗലക്ഷണം വിദ്യാര്‍ത്ഥിയില്‍ കണ്ടപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകാപരമാണ്.

പൂണെയിലെ നാഷണല്‍ വൈറോളജി ലാബില്‍ നിന്നും റിസള്‍ട്ട് വരും മുന്‍പ് തന്നെ രോഗിയെ സുരക്ഷിതമായി മാറ്റി ചികിത്സ തുടങ്ങിയതും പ്രതിരോധത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചതും ആരോഗ്യ മന്ത്രി കെ.കെ ശൈലജ മുന്‍കൈ എടുത്താണ്. മന്ത്രിയോട് എറണാകുളത്ത് തങ്ങി നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ദേശിച്ചത് മുഖ്യമന്തി പിണറായി വിജയനായിരുന്നു. ദ്രുതഗതിയിലുള്ള ഈ നടപടി റിപ്പോര്‍ട്ട് വരും മുന്‍പ് തന്നെ കേരളത്തിലെ ആരോഗ്യമേഖലയെ പൂര്‍ണ്ണ സജജമാക്കാന്‍ വഴി ഒരുക്കുന്നതായിരുന്നു.

nipah 1

കോഴിക്കോട് നിന്നും നിപയെ തുരത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും നേരത്തെ തന്നെ കൊച്ചിയിലെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും നിപ സംബന്ധമായി പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ശേഷം കേന്ദ്ര സര്‍ക്കാറും ശക്തമായ നടപടികളുമായാണ് രംഗത്തിറങ്ങിയത്്. ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തന്നെ തുറന്നു കഴിഞ്ഞു. പ്രതിരോധ മരുന്ന് എത്തിക്കുന്നതിനായി പ്രത്യേക വിമാനമാണ് കേന്ദ്രം ഏര്‍പ്പാടാക്കിയത്. ഡല്‍ഹി എയിംസില്‍ നിന്നും ഡോക്റ്റര്‍മാരുടെ ഒരു സംഘവും കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇതെല്ലാം ജനങ്ങളെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

അതേസമയം നിപ ബാധിച്ച യുവാവുമായി ഇടപെട്ട 4 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു പേരും നഴ്‌സുമാരാണ്. ഇവരെ അതേ ആശുപത്രിയില്‍ തന്നെയുള്ള ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവരുടെ രക്തസാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്ര വലിയ റിസ്‌കാണ് എടുക്കുന്നത് എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയണം.

Nipah virus,

നിപ ബാധിച്ചയാളെ ചികിത്സിച്ചപ്പോയാണ് കോഴിക്കോട് പേരാമ്പ്ര ഗവണ്‍മെന്റ് ആശുപത്രിയിലെ ലിനി എന്ന നഴ്‌സ് രോഗം ബാധിച്ച് മരണപ്പെട്ടത്. പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് വിധി നല്‍കുന്ന ആനുകൂല്യം പോലും നഴ്‌സുമാര്‍ക്ക് ലഭിക്കാറില്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടിയായിരുന്നു ഈ സംഭവം.

ജീവിത സാഹചര്യങ്ങളും നഴ്‌സിങ് സമൂഹത്തിന്റേത് ഇപ്പോഴും ദുരിതപൂര്‍ണ്ണമാണ്. സംസ്ഥാന സര്‍ക്കാര്‍ വേതനം വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിട്ട് പോലും മിക്ക മാനേജുമെന്റുകളും അതിനു തയ്യാറായിട്ടില്ല. പരിചരിക്കേണ്ട കൈകള്‍ കൊടി പിടിച്ച് തെരുവില്‍ ഇറങ്ങിയിട്ടും അവര്‍ക്ക് മുന്നില്‍ നീതി നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് എങ്ങും. അടുത്തിടെയാണ് മലയാളിയുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നു എന്ന് അവകാശപ്പെടുന്ന മാധ്യമ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

ആവശ്യത്തിലധികം സമ്പത്തുണ്ടായിട്ടും ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാതെ കഷ്ടപ്പെടുത്തുന്ന വിവരമാണ് പുറത്ത് വന്നത്. വിവാദമായപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇവിടെ മാനേജ്‌മെന്റിന് തയ്യാറാകേണ്ടി വന്നു. മാധ്യമ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി ഓര്‍ത്താണെങ്കില്‍ പോലും മാനേജ്‌മെന്റ് ഒടുവില്‍ അതിനു തയ്യാറായി. എന്നാല്‍ ഇപ്പോഴും നല്ലൊരു വിഭാഗം നഴ്‌സുമാരും സ്വകാര്യ ആശുപത്രികളില്‍ ദുരിതജീവിതമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ശമ്പളം ചോദിച്ചതിന് പുറത്ത് പോകേണ്ടി വന്ന നഴ്‌സുമാരും നിരവധി. പലരും പട്ടിണിയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ്. ശരിക്കും അതിജീവനത്തിനുള്ള പോരാട്ടമാണ് ഭൂമിയിലെ ഈ മാലാഖമാര്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

നിപ പോലുള്ള വൈറസുകള്‍ക്ക് മുന്നിലും ഭയപ്പെടാതെ നില്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിക്കുന്നതും ആ ചങ്കുറപ്പാണ്. നിപയാണ് രോഗമെന്ന് അറിഞ്ഞ് മുങ്ങുന്ന ആശുപത്രി ഉടമകളും അവര്‍ക്ക് ഓശാന പാടുന്നവരും ഒരു കാര്യം ഓര്‍ക്കുക, നിങ്ങളെയും ഈ വൈറസ് പിടികൂടിയാല്‍ പരിചരിക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും ഉണ്ടാകില്ല. അവിടെയും ഈ പാവം മാലാഖമാര്‍ മാത്രമേ കാണൂ.

Top