നിപ വൈറസ്; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും. അങ്കണവാടികള്‍ക്കും, മദ്രസകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധരും ഐസിഎംആര്‍, എന്‍ സിഡിസി എന്ന് ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളും കോഴിക്കോട്ടുണ്ട്. നിപ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക നിലവില്‍ 789 ആണ്. സമ്പര്‍ക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന. രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്.

Top