കോഴിക്കോട് നിപ ജാ​ഗ്രത തുടരുന്നു; മുൻകരുതലായി ബീച്ചിൽ നിന്ന് ആളുകളെ പൊലീസ് ഒഴിപ്പിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ ജാ​ഗ്രത തുടരുന്നു. കോർപറേഷൻ പരിധിയിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്. നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാ​ഗമായിട്ടാണ് പൊലീസിന്റെ നടപടി. ജില്ലയിൽ നേരത്തെ തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു.

ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് ഇന്ന് നിപ സ്ഥിരികരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

മെഡിക്കൽ കോളജ് വാ‍ർഡിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രതിരോഗ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടേറ്റേറ്റിൽ നാല് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് സർവ്വകക്ഷിയോഗം ചേർന്നത്. രോഗബാധിയ മേഖലയിലെ പഞ്ചായത്ത് ഭാരവാഹികളുടെ യോഗവും ചേർന്നു.

അതേസമയം, കേന്ദ്രസംഘം മരുതോങ്കരയും ആയഞ്ചേരിയും സന്ദർശിക്കുന്നുണ്ട്. മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ വാ‍ർഡുകളും സന്ദർശിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്ന കാര്യവും പരിഗണനയിലാണ്.

Top