നിപ; രണ്ട് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. ഇതോടെ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള പത്ത് പേരുടെ ഫലം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

കൂടുതല്‍ പേരുടെ സാമ്പിള്‍ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കല്‍ കോളജുകളിലുള്ള ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂര്‍ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം. പുലര്‍ച്ചെ അഞ്ചു പേരുടെ സാമ്പിള്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

 

Top