നിപ; അതിര്‍ത്തി വഴിയുള്ള യാത്രാനിയന്ത്രണം ശക്തമാക്കി തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്തതോടെ വാളയാര്‍ അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്‌നാട്. പരിശോധനയ്ക്ക് അതിര്‍ത്തിയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി എസ് സമീരന്‍ അറിയിച്ചു. അതിര്‍ത്തി കടക്കുന്ന വാഹനങ്ങളില്‍ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ത്തു. 188 ആയിരുന്ന സമ്പര്‍ക്ക പട്ടിക ഇപ്പോള്‍ 251 പേരായി. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 32പേരെയാണ്. ഇതില്‍ എട്ടുപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടു പേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.

 

Top