നിപ്പ പ്രതിരോധം; പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് വനം വകുപ്പ്

കോഴിക്കോട് : ജില്ലയിൽ നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചതായി വനം വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പു ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടേയും വെറ്റിനറി ഡോക്ടർമാരുടേയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണു പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമായി സമ്പർക്കം പുലർത്തുക, വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക, വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്ക് അയക്കുന്നതും സംബന്ധിച്ച എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാൻ സഹായിക്കുക, വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്കു വൈറസ് പകരാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിനു വേണ്ട കാര്യങ്ങളെക്കുറിച്ചു വിദഗ്‌ധ ഉപദേശം നൽകുക, പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറിച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ചു വിദഗ്‌ധ ഉപദേശം ലഭ്യമാക്കുക എന്നിവയാണു കമ്മിറ്റിയുടെ ചുമതലകൾ.

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ.എസ്. ചീഫ് കോഓർഡിനേറ്ററായാണു കമ്മിറ്റി രൂപീകരിച്ചത്. ഐ ആൻഡ് ഇ കോഴിക്കോട് ഫോറസ്റ്റ്‌സ് കൺസർവേറ്റർ നരേന്ദ്രബാബു, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ, കോളജ് ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് എൻവിറോൺമെന്റൽ ഡീൻ പി.ഒ. നമീർ , കോഴിക്കോട് ഡിഎഫ്ഒ ലത്തീഫ്, ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ജോഷിൽ, വയനാട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.

Top