നിപ നിയന്ത്രണങ്ങള്‍ തുടരും; കോഴിക്കോട് കോര്‍പറേഷനും, ഫറോക്ക് നഗരസഭയും കണ്ടെയിന്‍മെന്റ് സോണുകള്‍

കോഴിക്കോട്: ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ തുടരും. ചെറുവണ്ണൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളില്‍ വിദഗ്ദ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ തീരുമാനിക്കും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനേയും നഗരസഭയേയും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു. കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ പരിധികളില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശനം മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. മികച്ച രീതിയില്‍ ജനങ്ങളോട് ഇടപ്പെട്ട് ഗൃഹ സന്ദര്‍ശനം തുടരുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു.

ചെറുവണ്ണൂര്‍ ഭാഗത്ത് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മൂന്നു വാര്‍ഡുകളിലെ 4664 വീടുകളിലും ബേപ്പൂരിലെ മൂന്നു വാര്‍ഡുകളിലായി 6606 വീടുകളും നല്ലളം ഭാഗത്തെ മുഴുവന്‍ വീടുകളും ഫറോക്ക് നഗരസഭയിലെ 9796 വീടുകളിലും ഗൃഹ സന്ദര്‍ശനം ഇതിനോടകം പൂര്‍ത്തികരിച്ചു. അവലോകന യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ഓണ്‍ലൈനായി ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുള്‍ റസാഖ്, ജില്ലാ കലക്ടര്‍ എ ഗീത, എ ഡി എം മുഹമ്മദ് റഫീഖ് സി, ഓണ്‍ലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷിനോ പി.എസ് മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Top