നിപ: കൂടുതല്‍ പരിശോധനാ ഫലം ഇന്നറിയാം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടികയില്‍ 6 പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. ഇതില്‍ 44 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.

35 പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ 20 പേര്‍ മെഡിക്കല്‍ കോളേജിലുണ്ട്. 5 പേരുടെ പരിശോധനാ ഫലം പൂനെയില്‍ നിന്ന് ഇന്ന് വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും ഇന്ന് വരുമെന്നും മന്ത്രി വിശദീകരിച്ചു. രോഗ ഉറവിടം ഇതുവരെയും വ്യക്തമാകാത്ത സാഹചര്യത്തില്‍ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിള്‍ എടുക്കും. ഇന്ന് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വവ്വാലുകള്‍ ചത്തുകിടക്കുന്നത് കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും സ്പര്‍ശിക്കരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നുവെന്നും BSL ലെവല്‍ 3 ലാബ് സെറ്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചുവെന്നും മന്ത്രി. അതേസമയം നിപയുമായി ബന്ധപ്പെട്ടുള്ള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Top