മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.

അതേസമയം, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബടക്കം കോഴിക്കോട് ജില്ലയിൽ സജ്ജമാക്കാൻ തീരുമാനമായിട്ടുണ്ട്. പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി.

Top