നിപ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍

കോഴിക്കോട്: നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള വിദഗ്ദരെത്തിയാണ് ലാബില്‍ സംവിധാനം ഒരുക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സാമ്പിള്‍ മാത്രമാകും ഇവിടെ പരിശോധിക്കുക. മാരകമായ നിപ വൈറസിന്റെ സാമ്പിള്‍ ശേഖരിക്കാനും പരിശോധന നടത്തുന്നതിനും പ്രത്യേക സുരക്ഷയുളള ബയോസേഫ്റ്റി ലെവല്‍ ത്രീ ലാബ് വേണം.

ഇതിന് സമാനമായ സംവിധാനമാണ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ ഒരുങ്ങുന്നത്. ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും. പരിശോധന സംവിധാനം ഒരുക്കാന്‍ പൂനെയില്‍ നിന്നുള്ള ഏഴംഗ വിദഗ്ദര്‍ ഉണ്ടാകും. ഇവര്‍ മൈക്രോബയോളജി വിഭാഗത്തിലുള്ളവര്‍ക്ക് സ്രവ ശേഖരണം, പരിശോധന തുടങ്ങിയവയില്‍ പരിശീലനവും നല്‍കും. മൈക്രോബയോളജി വിഭാഗത്തിന് മുകളിലെ നിലയിലാണ് പ്രത്യേക ലാബ് ഒരുക്കുന്നത്.

 

 

Top