നിപ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്ന പ്രചാരണം തെറ്റ്

nipah 1

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും ഭീതി വിതച്ച ആളെക്കൊല്ലി വൈറസായ നിപയുടെ വാഹകനെന്ന് സംശയിക്കുന്ന, പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്കു പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍. പാസ്‌പോര്‍ട്ട് പ്രകാരം സമീപകാലത്ത് യാത്ര ചെയ്തത് യുഎഇയിലേക്ക് മാത്രമാണ്. 2017 ഫെബ്രുവരിയില്‍ യുഎഇയില്‍ പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്.

രോഗം ബാധിച്ച് മരിച്ച സാബിത്തിന്റെ സ്രവങ്ങള്‍ പരിശോധന നടത്താത്തതിനാല്‍ നിപയാണോ മരണകാരണം എന്ന് കണ്ടെത്താനായിരുന്നില്ല. മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സാബിത്തിന്റെ യാത്രകളെക്കുറിച്ചും ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി പൊലീസ് സഹകരിക്കും.

സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രിയും ഇന്നലെ പറഞ്ഞിരുന്നു.

Top