നിപ വൈറസ് പ്രതിരോധത്തിന് അന്താരാഷ്ട്ര അംഗീകാരം; പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന് അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും രണ്ടാമത്തെ രോഗിയില്‍ നിന്ന് തന്നെ നിപ വൈറസ് സ്ഥിരീകരിക്കാന്‍ കേരളത്തിന് സാധിച്ചുവെന്നത് അഭിമാനകരമാണെന്നും ആദ്യം രോഗം ബാധിച്ച് മരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തി നിരീക്ഷണവലയത്തില്‍ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു തന്നെയാണ് നീങ്ങിയത്. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാതൃകാപരമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്‌ക്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും ചേര്‍ന്ന് എറ്റു വാങ്ങി.

Top