നിപയെ തുരത്തി പിണറായി സര്‍ക്കാര്‍, അത്ഭുതപ്പെട്ടത് രാജ്യം മാത്രമല്ല, ലോകം !

ന്തൊക്കെ രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടായാലും ഭരിക്കുന്ന സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അത് എല്ലാവരും അംഗീകരിക്കുക തന്നെ വേണം. നിപ വൈറസിനെ തടഞ്ഞ് നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ അളവോളം വിജയിച്ചു കഴിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴു പേര്‍ക്കും നിപയില്ലെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടു വരികയുമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ മൂലമാണ് പ്രതിരോധം സാധ്യമായത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്റെ ഇടപെടലും അഭിനന്ദനാര്‍ഹമാണ്. രാഷ്ട്രീയപരമായ ഭിന്നത നിലനില്‍ക്കുമ്പോള്‍ തന്നെ നാടിനു വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ക്ക് ഇവിടെ സാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം ആവശ്യമായി വരും മുന്‍പെ തന്നെ നിപയെ തുരത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ മാത്രമല്ല ജനങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഇത് സാധ്യമായത്. നിപ സംബന്ധിച്ച സംശയം വിദ്യാര്‍ത്ഥിയില്‍ തോന്നിയപ്പോള്‍ തന്നെ സ്വീകരിച്ച അടിയന്തര നടപടികളാണ് വൈറസ് പടരാതെ തടയാന്‍ വഴിയൊരുക്കിയത്.

മറ്റെല്ലാ പരിപാടികളും റദ്ദാക്കി ആരോഗ്യ മന്ത്രി കെ.കെ ശൈലജ കൊച്ചിയില്‍ എത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. നിപയെ കോഴിക്കോട്ട് നിന്നും തുരത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും കൊച്ചിയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. മാധ്യമങ്ങളിലൂടെ നിപയെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കിയതും ശരിക്കും പ്രയോജനം ചെയ്തു. ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കുന്നതിന് ഈ വിവരങ്ങള്‍ ഏറെ സഹായകരമായി.

ആരോഗ്യ കേരളമെന്ന് നമ്മളൊന്നും വെറുതെ പറയുന്നതല്ല, ശരിക്കും കരുത്തുറ്റ ആരോഗ്യ കേരളം തന്നെയാണ് ദൈവത്തിന്റെ ഈ സ്വന്തം നാട്. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു നിപ വന്നിരുന്നതെങ്കില്‍ ഇത്ര പെട്ടെന്ന് തടഞ്ഞ് നിര്‍ത്താന്‍ പറ്റുമായിരുന്നുവോ എന്ന കാര്യം തന്നെ സംശയമാണ്. മരണത്തിന്റെ വാഹകരായി അറിയപ്പെടുന്ന ലോകത്തെ അപകടകാരികളായ മൂന്ന് വൈറസുകളില്‍ കൊമ്പനാണ് നിപ.

നമ്മുടെ നാടിന് കേട്ടുകേള്‍വിയില്ലാതിരുന്ന നിപ വൈറസ് 2018ല്‍ കോഴിക്കോടില്‍ 16 ജീവനാണ് കവര്‍ന്നത്. എന്നാല്‍, സ്ഥിതിഗതികള്‍ വളരെവേഗം നിയന്ത്രണ വിധേയമാക്കാനും രോഗം സ്ഥിരീകരിച്ച രണ്ടുപേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ആരോഗ്യവകുപ്പിന് അന്ന് കഴിഞ്ഞിരുന്നു. ഇത്തവണയും അതേ ജാഗ്രതയോടെ ഇടപെടാന്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയിരുന്നത്. വൈറസ് ബാധിതനായ വിദ്യാര്‍ഥി ഒഴികെ മറ്റൊരാള്‍ക്കും നിപ ഇതുവരെ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഭീതി ഒഴിഞ്ഞെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തിനകം വീണ്ടും നിപ ബാധയുണ്ടാകാം എന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതേത്തുടര്‍ന്ന് മെയ് മാസത്തില്‍ത്തന്നെ വേണ്ട മുന്‍കരുതല്‍ എടുക്കാനും മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. പനി, ശക്തമായ ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി എത്തിയവരുടെ മുഴുവന്‍ സ്രവസാമ്പിളുകളും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാളെ ഐസൊലേഷനിലും പ്രവേശിപ്പിച്ചിരുന്നു.

ഇപ്പോള്‍ നിപ ഭീഷണി ഒഴിഞ്ഞെങ്കിലും പഴംതീനി വവ്വാലുകളുടെ പ്രജനനകാലം അവസാനിക്കുന്ന ജൂലൈവരെ മുന്‍കരുതല്‍ തുടരാനാണ് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് ജൂണ്‍ നാലിന് നിപ ബാധ സ്ഥിരീകരിച്ചപ്പോള്‍ നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കാനായതാണ് വൈറസിനെ തുരത്താന്‍ സഹായകരമായത്. ആരോഗ്യമന്ത്രി, പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അവലോകന യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. നിപ ബാധിച്ച യുവാവിന്റെ ജില്ലയായ എറണാകുളത്ത് ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പറേഷനുമാണ് പ്രതിരോധ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. തൃശൂരിലും ഇടുക്കിയിലും ഇതിനു സമാനമായ മുന്‍കരുതലുകള്‍ തന്നെയാണ് സ്വീകരിച്ചത്.

നിപ ബാധിച്ച യുവാവിന് തൃശൂരില്‍വച്ചാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗത്തിന്റെ ഉറവിടം, രോഗിയുമായി സമ്പര്‍ക്കത്തിലായവര്‍ തുടങ്ങിയവരെ കണ്ടെത്തുന്നത് ശ്രമകരമായിരുന്നു. 327 പേരുടെ ലിസ്റ്റാണ് ഇതിനു വേണ്ടി തയ്യാറാക്കിയത്. 52 പേരെ തീവ്രനിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുണെ എന്‍ഐവി എന്നിവിടങ്ങളില്‍ നിന്നും ചെന്നൈയില്‍ നിന്നും വിദഗ്ധ സംഘവും കേരളത്തില്‍ എത്തിയിരുന്നു. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹായത്തോടെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സമഗ്രപരിശോധനയാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നത്. എല്ലാ മേഖലയിലും അതീവശ്രദ്ധയോടെയാണ് ഇടപെടല്‍ നടത്തുന്നത്.

കുട്ടികളെയും പ്രതിരോധതലത്തിലേക്ക് ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അങ്കണവാടികളിലും മറ്റ് വിദ്യാലയങ്ങളിലും ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രത്യേക ബോധവല്‍ക്കരണം നടത്തും. 4,316 പേര്‍ക്ക് നിപ ജാഗ്രതാപരിശീലനം ഇതിനകം നല്‍കിയിട്ടുണ്ട്. ഇതിനിടെ പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള രണ്ടാമത്തെ സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. പന്നിഫാമുകളില്‍നിന്ന് പന്നികളുടെ രക്തസാമ്പിളുകളും ശേഖരിച്ചു വരികയാണ്. തൊടുപുഴ, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൊടുപുഴയില്‍ വലയില്‍ കുടുങ്ങിയ പഴംതീനി വവ്വാലുകളില്‍ നിന്നും പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ സംഘം സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം വവ്വാലുകളെ പിടികൂടാന്‍ വല സ്ഥാപിച്ചത്. ഞായറാഴ്ച രാവിലെയോടെ സംഘം എത്തിയപ്പോള്‍ തന്നെ ഇതില്‍ നിരവധി വവ്വാലുകള്‍ കുടുങ്ങിയിരുന്നു. തൊടുപുഴ നഗരസഭ പ്രദേശത്താണ് മൂന്നിടത്തായി വല സ്ഥാപിച്ചിരുന്നത്. ഞായറാഴ്ച രാവിലെ മാത്രം ഇതില്‍ 30 വവ്വാലുകളാണ് കുടുങ്ങിയത്. ഇവയുടെ ഉമിനീര് ഉള്‍പ്പെടെ ശേഖരിച്ച സ്രവങ്ങള്‍ നിയന്ത്രിത ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനു പുറമെ മുട്ടത്തെ ക്ഷേത്രത്തിന് സമീപം പുതുതായി രണ്ട് വല കൂടി സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്തും നിരവധി വവ്വാലുകളുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി സംഘം തൊടുപുഴയിലും പരിസരത്തുമുണ്ടാവും.

അടുത്ത ഘട്ടമായി നിപ ബാധിച്ച വിദ്യാര്‍ഥിയുടെ സ്വദേശമായ വടക്കന്‍ പറവൂരിലും വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കൂടി കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

Express View

Top