നിപ വൈറസ്; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി, 311 പേര്‍ നിരീക്ഷണത്തില്‍

nipah 1

കൊച്ചി: നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍. നിപ വൈറസിനെ തുടര്‍ന്ന് 311 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഐസൊലേഷന്‍ വാര്‍ഡില്‍ നാല് പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഒന്നിച്ച് നിന്നാല്‍ നിപയെ അതിജീവിക്കാന്‍ സാധിക്കുമെന്നും നിപയെ കുറിച്ച് വ്യാജവാര്‍ത്ത പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

Top