നിപാ വൈറസ്; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

nipah 1

കോഴിക്കോട്: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്ക ഒഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയും ഇന്നുമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

നിലവില്‍ 22 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്. ഇതുവരെ ലഭിച്ച 227 സാമ്പിള്‍ പരിശോധനാഫലങ്ങളില്‍ 18 എണ്ണത്തില്‍ മാത്രമാണ് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 16 പേര്‍ മരിച്ചിരുന്നു.

നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡേമോളജിയിലെ വിദഗ്ദസംഘം മന്ത്രി കെ.കെ. ശൈലജയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

Top