ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തത് കൊണ്ടാണ് നിപ്പ ആവര്‍ത്തിച്ചു വരുന്നത്;കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തതു കൊണ്ടാണ് നിപ്പ ആവര്‍ത്തിച്ചു വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകിക്കാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളില്‍ നിപ്പ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുന്‍കരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണ്. ഓരോ വര്‍ഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നിട്ടും ഒന്നും നടന്നില്ല.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വീണ്ടും വരാന്‍ കാരണമെന്ന് വ്യക്തമാണ്. പ്രദേശത്തു പനിയുള്ളവരുടെ സാംപിളുകള്‍ ശേഖരിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയാറായില്ല. നിപ്പയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സര്‍ക്കാര്‍ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. 1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും. ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാനുള്ള പ്രധാന കാരണം.

എന്‍എച്ച്എമ്മിന്റെ ആരോഗ്യപ്രവര്‍ത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. 2018ല്‍ നിപ്പ ആദ്യമായി വന്നപ്പോള്‍ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയില്‍ എത്താത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. പരിശോധനയില്‍ കാലതാമസം ഉണ്ടാവാതിരിക്കാന്‍ കേരളത്തില്‍ വൈറോളജി ലാബുകള്‍ ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മൂന്നാം തവണയും പരിശോധനാ ഫലം ലഭിക്കാന്‍ ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്.

നിപ്പ സ്ഥിരീകരണത്തിന് പുണെ ലാബിലെ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ എവിടെയും പറയുന്നില്ല. എന്നാല്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നു മനസ്സിലാവുന്നില്ല. നിപ്പ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണവും ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളത്. മഹാമാരി നാടിനെ അക്രമിക്കുമ്പോഴും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന മന്ത്രിമാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top