നിപ: മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട്ടില്‍ നിപ ബാധിച്ച് മരിച്ച 12കാരന്റെ അമ്മയ്ക്ക് ചെറിയ പനിയുടെ ലക്ഷണങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

പനി ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രൈമറി കോണ്‍ടാക്റ്റാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്‍ഡറി കോണ്‍ടാക്ട് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാദ്ധ്യതയുണ്ട്. സമയബന്ധിതമായി കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്തമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി പറഞ്ഞു.

നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top