നിപ: മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്ത് കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദര്‍ശിച്ചിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും പരിശോധിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരള ചീഫ് സെക്രട്ടറി വിപി ജോയിക്ക് കത്തയച്ചത്.

നിപ സ്ഥിരീകരിച്ച കോഴിക്കോടിന് തൊട്ടടുത്തുളള്ള ജില്ലകളായി മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം. രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കന്‍ഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്‌ക് കാറ്റഗറി, ഹൈ റിസ്‌ക് കാറ്റഗറി റിസ്‌ക് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുകയും വേണം.

ആന്റി ബോഡി മരുന്നായ റിബാവെറിന്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആര്‍ പഠിച്ചു വരികയാണെന്നും കത്തില്‍ പറയുന്നു.

Top