ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി മറ്റന്നാള്‍ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, ഇന്ന് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയില്‍ വെച്ച് സമ്പര്‍ക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശിയായ 39 കാരനാണ് ഇന്ന് നിപ സ്ഥിരികരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. മെഡിക്കല്‍ കോളജ് വാര്‍ഡില്‍ ചികിത്സയിലാണ് ഇദ്ദേഹം. പ്രതിരോഗ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടേറ്റേറ്റില്‍ നാല് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. രോഗബാധിയ മേഖലയിലെ പഞ്ചായത്ത് ഭാരവാഹികളുടെ യോഗവും ചേര്‍ന്നു.

Top