നിപ സമ്പര്‍ക്ക പട്ടിക വിപുലീകരിക്കും; കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ഇന്നറിയാം

nipah 1

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതുവരെ 46 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കൂടാതെ, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ശ്രമം ആരംഭിച്ചു. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും കണ്ടെത്തുക. ക്വാറന്റൈനില്‍ കഴിയുന്ന ശുചീകരണ സ്റ്റാഫുകളേയും വളണ്ടിയര്‍മാരേയും ആശുപത്രിയില്‍ നിരീക്ഷിക്കും.

ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ വീട് കയറിയുള്ള സര്‍വേയും ഇന്ന് പൂര്‍ത്തിയാകും. സമ്പര്‍ക്കപട്ടികയില്‍ ആകെയുള്ളത് 265 പേരാണ്. ഇവരില്‍ 68 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേര്‍ക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

അതേസമയം, നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്കയച്ചേക്കും. ആടിന്റെയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്റെ 23 രക്തസാമ്പിളുകളും വവ്വാലിന്റെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുള്ളത്. രണ്ട് സെറ്റ് റമ്പൂട്ടാന്‍ പഴങ്ങളുമുണ്ട്. ഇന്നലെ സാമ്പിളുകള്‍ അയയ്ക്കാനായിരുന്നു തീരുമാനമെങ്കിലും സാധിച്ചില്ല. ഇന്ന് വിമാനമാര്‍ഗം കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്.

കാട്ടുപന്നികളെ തല്‍ക്കാലം വെടിവെച്ച് പിടിക്കേണ്ടെന്നാണ് തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികള്‍ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വനം വകുപ്പ്. അങ്ങനെ കണ്ടെത്തിയാല്‍ മാത്രം പന്നികളെ പിടികൂടി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.

Top