നിനിത കണിച്ചേരിയുടെ നിയമന വിവാദം ശുദ്ധ അസംബന്ധമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിലെ വിവാദം ശുദ്ധ അസംബന്ധമെന്ന് ഡിവൈഎഫ്‌ഐ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ യുജിസി നിര്‍ദേശിച്ച വിദഗ്ധരാണുള്ളത്. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണുമെന്നും, ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം ആരോപിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാള – കേരള വിഭാഗത്തിലെ പ്രൊഫസറായ പ്രൊഫ. ഉമര്‍ തറമേലാണ് നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേട് സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത സ്ഥിതിയാണെന്നും, ഇത്തരമൊരു അനുഭവം തനിക്ക് ജീവിതത്തിലിതാദ്യമാണെന്നും ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.

ഇന്റര്‍വ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുകമറ മാത്രമെന്നും എ എ റഹീം പറഞ്ഞു.

എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 വിദഗ്ധരും കാലടി സര്‍വ്വകലാശാലയ്ക്ക് കത്ത് നല്‍കിയിരുന്നു. നിയമനത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. കാലടി സര്‍വ്വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. വിവാദം കത്തിപ്പടര്‍ന്ന് നില്‍ക്കുമ്പോഴാണ് നിയമനത്തെച്ചൊല്ലിയുള്ള ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് എ എ റഹീം പറയുന്നത്.

Top