മെസ്സിക്കൊരു പിന്‍ഗാമിയായി ഈ പത്തൊമ്പതുകാരന്‍

ബ്യൂണസ് ഐറിസ്: കളിക്കളം വാഴുന്ന യുവതാരം വരുന്നതും ലയണല്‍ മെസ്സിയുടെ നാട്ടില്‍ നിന്നെത്തിയ പത്തൊമ്പതുകാരന്‍ മധ്യനിര താരം തിയാഗോ അല്‍മാഡയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. പുതിയ മെസ്സി എന്ന വിശേഷണവുമായാണ് ഈ പയ്യന്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഈ യുവതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

നിലവില്‍ അര്‍ജന്റീന ക്ലബ്ബായ വെലെസ് സര്‍സഫീല്‍ഡിന്റെ താരമാണ് അല്‍മാഡ. ടീമിനായി ഈ സീസണില്‍ 25 മത്സരങ്ങള്‍ കളിച്ച താരം അഞ്ചു ഗോളുകള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അര്‍ജന്റീന അണ്ടര്‍-20 ടീമില്‍ ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2019-ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മികച്ച പ്രകടനവും പുറത്തെടുത്തു. ഈ കൗമാര താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ സജീവമാക്കിയെന്നാണ് സൂചന.

അറ്റാക്കിങ് മിഡ്ഫീല്‍ഡറായ അല്‍മാഡയുടെ വേഗവും ഡ്രിബ്ലിങ് പാടവവും മത്സരം നിയന്ത്രിക്കാനുള്ള മികവും വരുന്ന സീസണില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്ങിലും ഒരുപോലെ മികവ് തെളിയിക്കുന്ന അല്‍മാഡ തന്റെ വേഗതകൊണ്ടും പാസ് സ്വീകരിക്കുന്നതിലെ കൃത്യതകൊണ്ടും കാണികളെ അമ്പരപ്പിക്കുന്നു.

Top