ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ പിടിയിൽ

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയില്‍ ഞായറാഴ്ചയാണ് നടുക്കുന്ന സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ ശവസംസ്‌കാരം നടന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളം കുടിയ്ക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല.

തിരച്ചിലില്‍ ഓള്‍ഡ് നംഗല്‍ ശ്മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് ശ്മശാനത്തിലെ പുരോഹിതന്‍ മാതാപിതാക്കളോട് പറഞ്ഞത്.

സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടേണ്ടെന്നും പുരോഹിതന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവ വൈദ്യുതാഘാതത്തില്‍ നിന്നുള്ളതല്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.

രാത്രി 10.30 ഓടെയാണ് പൊലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് സൗത്ത്-വെസ്റ്റ് ഡല്‍ഹി ഡിസിപി പിന്റ് പ്രതാപ് സിങ് അറിയിച്ചു. മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുരോഹിതനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top