ചാറ്റ് ചെയ്യുന്നത് എതിര്‍ത്തു; ഒമ്പത് വയസ്സുകാരനെ സഹോദരി ശ്വാസംമുട്ടിച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസ്സുകാരനെ സഹോദരി ശ്വാസം മുട്ടിച്ചു കൊന്നു. തന്റെ ഫോണില്‍ നിന്ന് ആണ്‍ സുഹൃത്തിനോട് ചാറ്റ് ചെയ്തതിനെ എതിര്‍ത്തതിനാണ് 15കാരി ഇളയ സഹോദരനെ ഹെഡ് ഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം ഫെബ്രുവരി 12നാണ് പുറം ലോകത്തെത്തിയത്. പ്രതിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

മണിക്കൂറുകളോളം പെണ്‍കുട്ടി ഫോണില്‍ സുഹൃത്തുമായി ചാറ്റിംഗില്‍ ആണെന്ന് പലതവണയായി സഹോദരന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. പെണ്‍കുട്ടി മണിക്കൂറുകളോളം സുഹൃത്തുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ആണ്‍കുട്ടി എതിര്‍ക്കുകയും ഇത് ഇരുവരും തമ്മിലുളള വഴക്കില്‍ എത്തുകയും ചെയ്തു. ആണ്‍കുട്ടി സഹോദരിയെ ആക്രമിക്കുകയും പെണ്‍കുട്ടി സഹോദരനെ ഹെഡ്‌ഫോണ്‍ വയറുകൊണ്ട് കഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു. ഇതിന് പിന്നാലെ ഒമ്പത് വയസ്സുകാരനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

സംഭവം നടന്നതിന് പിറ്റേന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്റ്റോര്‍ റൂം തുറന്ന് നോക്കിയപ്പോള്‍ മകന്റെ മൃതദേഹം മാതാപിതാക്കള്‍ക്ക് ലഭിച്ചു. അയല്‍വാസിയായ ഒരാളുടെ പേരില്‍ പിതാവ് നല്‍കിയ പരാതിയില്‍ അയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് സംഭവം നടന്ന സമയം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് വീട്ടിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്തു. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും വീട്ടിലെ മുഴുവന്‍ അം?ഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാത്രമാണ് മുറിവുകള്‍ ഉണ്ടായിരുന്നത്. ശിശുക്ഷേമ സമിതി അംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയാണെന്ന് വ്യക്തമായത്.

 

Top