മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു; പെരിയാറില്‍ ജലനിരപ്പുയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ഒമ്പത് മണിക്ക് അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു.

പത്ത് മണിയോടെ നാല് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു സെക്കന്റില്‍ 7221 ഘനയടി വെളളമാണ് പുറത്തുവിടുന്നത്. ഒന്‍പത് മണിവരെ മൂന്ന് ഷട്ടറുകള്‍ വഴി 3246 ഘനയടി വെളളമായിരുന്നു പുറത്തുവിട്ടിരുന്നത്. രാത്രി ഏഴരമണിയ്ക്കാണ് മുന്‍പ് വെളളം കൂടുതല്‍ വിട്ടുതുടങ്ങിയിരുന്നത്. ഡാമില്‍ നിന്നും കൂടുതല്‍ ജലം പുറത്തുവിടുന്നതിനാല്‍ പെരിയാര്‍ തീരത്തുളളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പലയിടത്തും വെളളംകയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോള്‍ നദിയില്‍ ജലനിരപ്പ് കുറവായതിനാല്‍ വീടുകളില്‍ വെളളം കയറാന്‍ സാദ്ധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നത്.

Top