ഒമ്പത് പുതിയ സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: മൂന്ന് വനിതാ ജഡ്ജിമാരുള്‍പ്പെടെ ഉള്‍പ്പെടെ ഒമ്പത് പുതിയ സുപ്രീം കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒമ്പത് ജഡ്ജിമാര്‍ ഒരുമിച്ച് അധികാരമേല്‍ക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാറും ഇതില്‍ ഉള്‍പ്പെടുന്നു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോടതിയുടെ അഡീഷനല്‍ ബില്‍ഡിങ് സമുച്ചയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പരമ്പരാഗതമായി ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചടങ്ങ് കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയത്.

ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക (കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രം നാഥ് (ഗുജറാത്ത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി (സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ഹിമ കോലി (തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ബിവി നാഗരത്‌ന (കര്‍ണാടക ഹൈക്കോടതി ജഡ്ജി) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 2027 സെപ്റ്റംബറില്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്റ്റിസ് നാഗരത്‌ന. മുന്‍ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കിടരാമയ്യയുടെ മകളാണ്.

ജസ്റ്റിസ് സി.ടി രവികുമാര്‍ (മുന്‍ കേരള ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് എം എം സുന്ദ്രേഷ് (മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി), ജസ്റ്റിസ് പി.എസ് നരസിംഹ (മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.

 

Top