സുപ്രീം കോടതിയിലെ ഒമ്പത് പുതിയ ജഡ്ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പുതിയ ഒമ്പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീംകോടതിയുടെ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന ഉള്‍പ്പെടെ മൂന്ന് വനിതാ ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യും.

കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാര്‍ ഉള്‍പെടെ ഒമ്പത് ജഡ്ജിമാരാണ് ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയ്ക്കുന്നത്. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാരും സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും.

ആദ്യ വനിതാ ചീഫ് ജഡ്സ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിതാ ജഡ്ജിമാര്‍. ബി വി നാഗരത്‌ന 2027ല്‍ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരും, അഭിഭാഷകരില്‍ നിന്ന് മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയും ചുമതലയേല്‍ക്കും. സാധാരണ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.

Top