‘നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം.. ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..’പ്രണയം സംഗീതസാന്ദ്രം..

ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും സംഗീത സാന്ദ്രമായ പ്രണയത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുണ്ടാകില്ല. ബാലു വേദിയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സദസ്സില്‍ നിറപുഞ്ചിരിയോടെ അവളുണ്ടായിരുന്നു. നിറഞ്ഞ കൈയ്യടികള്‍ ഏറ്റുവാങ്ങുമ്പോള്‍ ആ വയലിന്‍ മാന്ത്രികന്‌ എല്ലാ പിന്തുണയുമായി ലക്ഷ്മി കൂടെത്തന്നെ ഉണ്ടായിരുന്നു.

ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ നിനക്കായ് എന്ന ആല്‍ബത്തിലെ ഏറ്റവും മനോഹരമായ ഗാനമാണ് നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം… പ്രണയിക്കുന്ന എല്ലാവര്‍ക്കും സമര്‍പ്പിച്ച ഈ ഗാനത്തിലൂടെ ലക്ഷ്മിയോടുള്ള എല്ലാ വാഗ്ദാനങ്ങളും ഒളിപ്പിച്ച് വച്ചാണ് ബാലഭാസ്‌ക്കര്‍ മടങ്ങുന്നത്..

WhatsApp Image 2018-10-02 at 10.33.56 PM (1)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൂവിട്ട പ്രണയം ആരുടെയും എതിര്‍പ്പിനെ വകവെയ്ക്കാതെ സാഫല്യത്തിലെത്തിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതം കിട്ടാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കും മുന്‍പേ വിവാഹിതരായവര്‍. ബാലഭാസ്‌ക്കറിന്റെ യാത്രകളിലെല്ലാം ഒപ്പമുണ്ടായിരുന്നു ലക്ഷ്മി. ലക്ഷ്മിക്കൊപ്പമിരിക്കുന്ന മനസമാധാനം ലോകത്തൊരിടത്തുമില്ലെന്ന്‌ പതിആവര്‍ത്തിക്കാന്‍ ആ സംഗീത മാന്ത്രികനെ പ്രേരിപ്പിക്കുന്ന ബന്ധം. 18 വര്‍ഷം ബാലഭാസ്‌ക്കറിന്റെ ഈണമായിരുന്നു ലക്ഷ്മി.


സോംഗ് കടപ്പാട്: ഈസ്റ്റ്‌കോസ്റ്റ്‌

ലക്ഷ്മിയെ കല്ല്യാണം കഴിച്ചതിനു ശേഷമാണ് ബാലഭാസ്‌ക്കറിന്റെ ജീവിതത്തിന്‌ തന്നെ വഴിത്തിരിവുകള്‍ ഉണ്ടായത്. എല്ലാ കാര്യങ്ങളിലും അവര്‍ ഒരുമിച്ചു നിന്നു. വീഴ്ചകളിലും തളര്‍ച്ചകളിലും കൈ കോര്‍ത്തു… ആകെ ഉണ്ടായിരുന്ന ദുഖം തേജസ്വിനി വന്നതോടെ വഴിമാറിയിരുന്നു.

തന്നെ വിശ്വസിച്ച് ഇറങ്ങി വന്നവളോട്, അവളുടെ തീരുമാനത്തോട് എല്ലാക്കാലത്തും ബഹുമാനമായിരുന്നു ബാലഭാസ്‌ക്കറിന്. മാസ വരുമാനം കുറഞ്ഞ ദിവസങ്ങളില്‍ ആശങ്കപ്പെടുന്ന ബാലഭാസ്‌ക്കറിനെ പഴയ നൂറും നൂറ്റന്‍പതും വെച്ചുള്ള വരവു ചെലവു കണക്കുകളെഴുതിയ ഡയറി കാണിച്ചു കൊടുക്കുമായിരുന്നു ലക്ഷ്മി. പണ്ട് നമ്മള്‍ ഈ തുകയ്ക്ക് സംതൃപ്തരായിരുന്നു എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന അവളെക്കുറിച്ച് അങ്ങേയറ്റം ബഹുമാനത്തോടെ മാത്രമേ ബാലഭാസ്‌ക്കര്‍ പറയാറുണ്ടായിരുന്നുള്ളൂ. സമ്പാദ്യം കൂട്ടിവച്ച് പതിനായിരം രൂപ ആയ ദിവസം സന്തോഷം കൊണ്ട് ഇരുവരും ഒരുമിച്ചിരുന്ന്‌ കരഞ്ഞതും ബാലഭാസ്‌ക്കര്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. ആ നാളുകളിലെല്ലാം അദ്ദേഹത്തിന്റെ താങ്ങും തണലും അവരുടെ പ്രണയം തന്നെയായിരുന്നു.

balabhaskar-article

എന്നും ബാലഭാസ്‌ക്കറിന്റെ പ്രണയ ഗാനങ്ങള്‍ അത്ഭുതങ്ങളായിരുന്നു. ഈസ്റ്റ്‌കോസ്റ്റ് കൂട്ടുകെട്ടില്‍ നിരവധി ഗാനങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ നിനക്കായ് തോഴി എന്ന ഗാനം നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. നിനക്കായ് പുനര്‍ജ്ജനിക്കാം എന്ന വാക്കു നല്‍കിക്കൊണ്ടാണ് ബാലഭാസ്‌ക്കര്‍ യാത്രയാകുന്നത്….

Top