നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ശ്രമങ്ങൾക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ്; ദൗത്യം ഏകോപിപ്പിക്കും

ഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും. യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചകൾ ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും.

വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക. മുൻ നയതന്ത്ര ഉദ്യോഗസ്ഥർ അടക്കം സംഘത്തിലുണ്ടാകും. രണ്ടു സംഘങ്ങളാകും മോചനദൗത്യം നടക്കുകയെന്നാണ് റിപ്പോർട്ട്. ദയാധനം നൽകി മോചനം സാധ്യമാക്കാനാണ് ശ്രമങ്ങൾ തുടരുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.

യമനിലെത്തി നിമിഷപ്രിയയെ കാണാൻ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാൽ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനാവുമോയെന്ന് ആരായും. ഇതിനായി വേണ്ട സഹായങ്ങൾക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

ബന്ധുക്കളുടെ യാത്രയ്ക്കും കോൺസുൽ വഴി ജയിൽ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നൽകാൻ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന. എന്നാൽ നിമിഷപ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ വ്യ്ക്തമാക്കിയിരുന്നു.

Top