അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ സംഘത്തില്‍ മലയാളിയായ നിമിഷയും ; സ്ഥിരീകരിച്ച് അമ്മ

തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്‍ലാമിക് സ്റ്റേറ്റ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയും ഭർത്താവ് ബെക്സിൻ വിൻസന്‍റ് എന്ന ഈസയും കൊച്ചുമകളുമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചതായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു.

നിമിഷയുടേതുൾപ്പെടെയുള്ള ചിത്രങ്ങള്‍ ലഭിച്ചെന്നും കുടുംബം അറിയിച്ചു. ഇസയുടെ അമ്മയും ഫോട്ടോകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിന്ദു പ്രതികരിച്ചു.

രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലാണ് നിമിഷയടക്കമുള്ളവർ ഉള്ളതെന്നാണ് ബിന്ദു പറയുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാൽ എൻഐഎ അയച്ചു തന്ന ചില ചിത്രങ്ങളിൽ തന്‍റെ മകളുടെ ഭർത്താവിനെയും കൊച്ചുമകളെയും കണ്ടതായും ബിന്ദു സമ്പത്ത് വ്യക്തമാക്കി.

മകളെയും മരുമകനെയും കൊച്ചുമകളെയും തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ ആഭ്യന്തരമന്ത്രാലയത്തിന് അടക്കം കത്ത് നൽകുന്നുണ്ടെന്നും ബിന്ദു പറഞ്ഞു. ഇനി മകൾ തിരിച്ചുവരില്ല എന്നാണ് പലരും പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ് പോലൊരു പ്രസ്ഥാനം തകർച്ചയുടെ വക്കിൽ നിൽക്കുകയും, അതിന്‍റെ തലവൻ കൊല്ലപ്പെടുകയും ചെയ്തത് മകളുടെ തിരിച്ചു വരവിന് വേണ്ടിയാണെന്നും ബിന്ദു പറയുന്നു.

ഭർത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്.

ഭീകര സംഘടനയായ ഐസില്‍ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളികളാണെന്നായിരുന്നു ലഭിച്ച സൂചന.

Top