Nilambur sabotage; Congress leaders in Masinagudy; CPM Thanked

മലപ്പുറം: ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് കോട്ടയായി സംരക്ഷിച്ച നിലമ്പൂര്‍ മണ്ഡലത്തിലെ അട്ടിമറി വിജയത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്ദി അറിയിച്ച് ഇടതുപക്ഷം.

കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശ്, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായ എന്‍.എ കരീം, ഡി.സി.സി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എ റസാഖ് തുടങ്ങിയവര്‍ക്കാണ് ഇടതുപക്ഷം വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുള്ള പര്യടനത്തില്‍ നന്ദി രേഖപ്പെടുത്തിയത്.

അട്ടിമറി വിജയം നേടിയ ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറും ആദ്യം നന്ദി പറഞ്ഞത് ഈ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്.

2011ല്‍ ആര്യാടന്‍ മുഹമ്മദ് 5598 വോട്ടിനു വിജയിച്ച നിലമ്പൂരില്‍ ഇത്തവണ ആര്യാടന്‍ മാറി മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചപ്പോള്‍ 11504 വോട്ടിനാണ് ഇടതു സ്വതന്ത്രന്‍ പി.വി അന്‍വര്‍ അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലും 3000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിലെ അടിയൊഴുക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

നിലമ്പൂര്‍ സീറ്റ് ലഭിക്കാതിരുന്ന കെ.പി.സി.സി സെക്രട്ടറി വി. വി പ്രകാശ്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.എ റസാഖ്, ഡി.സി.സി വൈസ് പ്രസിഡന്റ് ബാബുമോഹനക്കുറുപ്പ്, ജനറല്‍ സെക്രട്ടറി എം.എ റസാഖ് എന്നിവര്‍ കാലുവാരി എന്ന പരാതിയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയരുന്നത്.

വി.വി പ്രകാശ് ഇടതു സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോ വെച്ചാണ് ഇടതുപക്ഷം പ്രചരണം നടത്തിയത്. രണ്ടു പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തതൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുനിന്നും പ്രകാശ് മാറിനില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടും ബൂത്തുതലങ്ങളിലെ വോട്ടര്‍മാരുടെ വിവരങ്ങളുമടക്കം ഇടതു സ്ഥാനാര്‍ത്ഥിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

കാലുവാരിയ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട രൂക്ഷമായി പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ വരുന്നത്. ഇടതു സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ മൂത്തേടത്ത് ഇടതു സ്ഥാനാര്‍ത്ഥിയുടെ സഹായിക്കൊപ്പം രഹസ്യ കൂടിക്കാഴ്ച നടത്തിയ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍ിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്തിരുന്നു. പ്രവര്‍ത്തകര്‍ അക്രമാസക്തമായതോടെ നേതാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പോത്തുകല്ലില്‍ വോട്ടുമറിച്ചെന്ന് ആരോപണ വിധേയനായ നേതാവിനെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കാലുവാരല്‍ ആരോപണത്തിന്റെ നിഴലിലുള്ള നേതാക്കളെല്ലാം ഒളിവിലാണ്. പലരും മസിനഗുഡിയിലും ഊട്ടിയിലുമാണെന്നാണ് വിവരം.

Top