ഒറ്റമൂലി ചികിത്സാരീതിയ്ക്ക് വേണ്ടി വൈദ്യനെ കൊന്നു; നാലംഗ സംഘം പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വ‍ർഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിഞ്ഞു.

ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവർച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കവർച്ച കേസിലെ പരാതിക്കാരൻ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിൻ അഷ്‌റഫ്‌. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫും മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.

Top