Nilambur-payment-seat-issue-cpm-conflict

cpm

നിലമ്പൂര്‍: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചപോലും അനുവദിക്കാതെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വ്യവസായി പി.വി അന്‍വറിനെ പ്രഖ്യാപിച്ചതിനെതിരെ നിലമ്പൂരില്‍ പ്രതിഷേധം കത്തുന്നു.

പാര്‍ട്ടി തീരുമാനം വന്ന് മണിക്കൂറുകള്‍ക്കം പാര്‍ട്ടി സീറ്റ് വില്‍പന നടത്തിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കുകയും 10 ബ്രാഞ്ച് കമ്മിറ്റികളും 10 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും കൂട്ടരാജി നല്‍കുകയും ചെയ്തു. എടക്കരയിലും ചുങ്കത്തറയിലും സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

ചുങ്കത്തറ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കോട്ടേപ്പാടം, കാട്ടിച്ചിറ, പുലിമുണ്ട, പൂക്കോട്ടുമണ്ണ, മുട്ടിക്കടവ്, കയ്പിനി, എരുമമുണ്ട, മണിലി, പള്ളിക്കുത്ത് വഴിക്കടവ് പഞ്ചായത്തിലെ നരിവാലമുണ്ട ബ്രാഞ്ച് കമ്മിറ്റികളാണ് ഒന്നടങ്കം രാജിവെച്ചത്. ചുങ്കത്തറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ഓമന, മുന്‍ ചുങ്കത്തറ ലോക്കല്‍ സെക്രട്ടറി വി.ജി ജോസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മുന്‍ ചുങ്കത്തറ പഞ്ചായത്തംഗം എം.യു ഷാജി, കയ്പിനി ജയരാജന്‍, എം.എ ജോസ്, കയ്പിനി സക്കീര്‍ എന്നിവരടക്കം 10 ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് രാജിവെച്ചത്.

ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ഏരിയാ സെന്റര്‍ അംഗം ടി. രവീന്ദ്രനെ ബലമായി പുറത്താക്കിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് പിടിച്ചെടുത്ത് താഴിട്ട് പൂട്ടിയത്. ചുങ്കത്തറയടിലും എടക്കരയിലും പാര്‍ട്ടി ഓഫീസില്‍ നിന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ചുങ്കത്തറയില്‍ 400 പേരും എടക്കരയില്‍ 150 പേരും പങ്കെടുത്തത് നേതൃത്വത്തെ ഞെട്ടിച്ചു.

നേരത്തെ ചുങ്കത്തറയിലും എടക്കരയിലും പ്രതിഷേധ പ്രകടനം നടന്നിരുന്നെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ ഇന്നലെ സി.പി.എം അംഗങ്ങളും പ്രാദേശിക നേതാക്കളുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്.

പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടേയും വികാരം മാനിക്കാതെ മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടിയാവും സിപിഎമ്മിനെ കാത്തിരിക്കുക എന്നാണ് പഴയകാല കമ്മ്യൂണിസ്റ്റുകാരും പരസ്യമായി അഭിപ്രായപ്പെടുന്നത്.

പെയ്‌മെന്റ് സീറ്റ് വിവാദം സംസ്ഥാനതലത്തില്‍ തന്നെ യുഡിഎഫും ബിജെപിയും പ്രചരണമാക്കുമെന്നതിനാല്‍ നിലപാട് തിരുത്തണമെന്ന അഭിപ്രായം പാര്‍ട്ടി നേതാക്കള്‍ക്കിടയിലുമുണ്ട്.

Top