നിലമ്പൂർ എം.എൽ.എയുടെ ഭാര്യാപിതാവിനും തിരിച്ചടി

നിലമ്പൂര്‍: റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. അനധികൃത നിര്‍മ്മാണങ്ങള്‍പൊളിച്ചു നീക്കി നവംബര്‍ 30തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി.

എം.എല്‍.എയുടെ ഭാര്യാ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍റോഡ് ഹഫ്‌സമഹല്‍ സി.കെ അബ്ദുല്‍ലത്തീഫിനോട് 15 ദിവസത്തിനകം റോപ് വെ പൊളിച്ചുനീക്കണമെന്നും അല്ലെങ്കില്‍ പഞ്ചായത്ത് പൊളിച്ച് നീക്കി അതിനു ചെലവാകുന്ന തുക ഈടാക്കുമെന്നും കാണിച്ചാണ് സെക്രട്ടറി ഇ.ആര്‍ ഓമന അമ്മാളു നോട്ടീസ് നല്‍കിയത്. ഓംബുഡ്‌സ്മാന്‍ ഉത്തരവ് സംബന്ധിച്ച് ഗ്രാമപഞ്ചാത്ത് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുകയും നടപടിയെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂര്‍ സ്വദേശി എം.പി വിനോദിന്റെ പരാതിയിലാണ് റോപ് വെ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കിയില്ല. അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി സി.കെ അബ്ദുല്‍ലത്തീഫിന് നോട്ടീസ് നല്‍കിയതല്ലാതെ പൊളിച്ചുനീക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

അഴിമതി നടത്തി റോപ് വെ പണിയാന്‍ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വേയും. വനഭൂമിയോട് ചേര്‍ന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിവാദതടയണപൊളിച്ചുനീക്കാനുള്ള മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയില്‍ അനുമതിയില്ലാതെ ഒരു നിര്‍മ്മാണവും ഇവിടെ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Top