Nilambur MLA PV Anwar threatened hospital superintendent

നിലമ്പൂര്‍: നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിനെ സ്ഥലം എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പരാതി.

ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ ജോലി ഉപേക്ഷിച്ചു പോകാനും ശരിയാക്കുമെന്നും പി.വി അന്‍വര്‍ എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു കെ.ജി.എം.ഒക്ക് പരാതി നല്‍കി. ആഗസ്റ്റ് മൂന്നിന് നടന്ന യോഗത്തില്‍ എം.എല്‍.എ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

പേ വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടി എടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വീട്ടില്‍ അച്ഛന്‍ സമ്പാദിച്ച കാശുണ്ടെങ്കില്‍ ജോലി ഉപേക്ഷിച്ചു പോകാനും സ്ഥാപനം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും ശരിയാക്കിക്കളയുമെന്നും എംഎല്‍എ ഭീഷണി മുഴക്കിയത്.

unnamed

2002ല്‍ സര്‍വീസില്‍ പ്രവേശിച്ച തന്നെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും നിലമ്പൂര്‍ താലൂക്കാശുപത്രിയായപ്പോഴും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോഴും ആശുപത്രിയുടെ പുരോഗതിക്കായാണ് പ്രവര്‍ത്തിച്ചതെന്നും ഡോ. സീമാമു പറഞ്ഞു. എം.എല്‍.എ നടത്തിയ ശുപാര്‍ശകള്‍ പോലും പരിഗണിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഭീഷണിയുണ്ടായത്. ഇത് സംബന്ധിച്ച പരാതി സി.പി.എം നേതാക്കളെയും അറിയിച്ചിട്ടുണ്ട്.

എം.എല്‍.എയും താനും മമ്പാട് എം.ഇ.എസ് കോളേജില്‍ ഒന്നിച്ചു പഠിച്ചതാണെന്നും അദ്ദേഹം ക്ഷണിച്ചതു പ്രകാരം എം.എല്‍.എ ഓഫീസ് ഉദ്ഘാടനത്തില്‍ വരെ സംബന്ധിച്ചിരുന്നു. എന്നാല്‍ ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതും ശരിയാക്കിക്കളയും എന്ന ഭീഷണിയും മാനസികമായി തളര്‍ത്തിയതിനാലാണ് കെ.ജി.എം.ഒ എ നേതൃത്വവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ വിവാദയോഗത്തിലാണ് ഒ.പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് രണ്ട് രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ധിപ്പിച്ചത്. തുക വര്‍ധിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് യോഗത്തില്‍ എം.എല്‍.എ സ്വീകരിച്ചത്. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് വര്‍ധിപ്പിച്ച ഒ.പി ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കി പിന്നീട് കുറച്ചിരുന്നു.

അതേസമയം ആശുപത്രി സൂപ്രണ്ടിന്റെ നിരുത്തരവാദപരമായ സമീപനങ്ങളെ മാത്രമാണ് എംഎല്‍എ ചോദ്യം ചെയ്തതെന്നും പരാതി ഉണ്ടെങ്കില്‍ പൊലീസിന് നല്‍കാതെ സംഘടനക്ക് നല്‍കിയത് മറ്റ് ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നുമാണ് എംഎല്‍എയെ അനുകൂലിക്കുന്നവരുടെ വാദം.

Top