നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

SABARIMALA

നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍. പിഎം വേലായുധന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീര്‍ത്ഥാടക വേഷത്തിലാണ് ഇവര്‍ ഇവിടെ എത്തിയത്.

അതേസമയം, സന്നിധാനത്ത് വീണ്ടും സത്രീയെ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചു പോയി. സ്ത്രീയ്ക്ക് 46 വയസേയുള്ളൂവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇവരുടെ പേര് ബാലമ്മ എന്നാണെന്നും ആന്ധ്രാ സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.

പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.പ്രതിഷേധം ശക്തമായതോടെ സ്ത്രീയ്ക്ക് ബോധക്ഷയമുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ തിരിച്ചയയ്ക്കുകയായിരുന്നു.

ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാവിലെയും ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ തിരിച്ചയിച്ചിരുന്നു.

ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കും 50 വയസില്‍ താഴെയാണ് പ്രായം. തുടര്‍ന്ന് സ്ത്രീകളെ പൊലീസ് ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റിയിരുന്നു. പ്രതിഷേധം അറിയാതെയാണ് എത്തിയതെന്ന് ഇവരും പറഞ്ഞിരുന്നു.

Top