‘ഇതാണ് ഞങ്ങ പറഞ്ഞ വരക്കാരന്‍’; നോബല്‍ ഇല്ലസ്ട്രേറ്ററുടെ വിശേഷങ്ങള്‍

സ്റ്റോക്ക്ഹോം: പ്രഖ്യാപിക്കുന്നതിനു മുമ്പ് നൊബേല്‍ സമ്മാന ജേതാക്കളുടെ പേരുകള്‍ അറിയാമെന്ന് അഭിമാനിക്കാന്‍ കഴിയുന്ന ഒരു എക്സ്‌ക്ലൂസീവ് ക്ലബിന്റെ ഭാഗമാണ് നിക്ലാസ് എല്‍ഹെംഡ്. അദ്ദേഹം ജഡ്ജിമാരുടെ പാനലില്‍ അംഗമല്ല. എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള വാര്‍ത്താ ലേഖനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മാസികകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ഉപയോഗിക്കുന്നത് എല്‍ഹെംഡ് വരക്കുന്ന നോബല്‍ സമ്മാന ജേതാക്കളുടെ സുവര്‍ണചിത്രങ്ങളാണ്.

2012 മുതല്‍ എല്ലാ വര്‍ഷവും നൊബേല്‍ സമ്മാന ജേതാക്കളുടെ ഔദ്യോഗിക ഛായാചിത്രങ്ങള്‍ സ്വീഡന്‍കാരനായ നിക്ലാസ് ആണ് വരക്കുന്നത്. നാല്‍പ്പത്തിനാലുകാരനായ ഈ കലാസംവിധായകനാണ് നോബല്‍ മീഡിയയുടെ എല്ലാ ദൃശ്യ ഉള്ളടക്കത്തിന്റെയും ചുമതല.

‘മുമ്പ് നിങ്ങള്‍ ഒരു നൊബേല്‍ ജേതാവിന്റെ ഫോട്ടോ തിരയുകയാണെങ്കില്‍, വെബ് പേജില്‍ ഏതെങ്കിലും മൂലയില്‍ നിന്നും മങ്ങിയ ഒരു മോശം ചിത്രമാണ് ലഭിക്കുക. ഇതോടെയാണ് വരക്കാമെന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.’ പോപ്പുലര്‍ സയന്‍സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ എല്‍ഹെംഡ് വിശദീകരിച്ചു.

2017 ല്‍ നോബല്‍ സമ്മാനം ‘ഒരു ഗ്രാഫിക്കല്‍ മേക്കോവര്‍’ വഴി കടന്നുപോയി. അങ്ങനെയാണ് ‘സുവര്‍ണ സ്പര്‍ശം’ കടന്നുവന്നത്. പ്രത്യേക പശയും നേര്‍ത്ത മെറ്റല്‍ ഫോയിലും ചേര്‍ത്ത പരീക്ഷണം വിജയിച്ചു. വിജയികളുടെ പേരുകള്‍ എത്ര നേരത്തെ കിട്ടുമെന്ന് വെളിപ്പെടുത്താന്‍ കലാകാരന് അനുവാദമില്ല. പക്ഷേ ‘വളരെ വേഗത്തില്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍’ ഒരു ഛായാചിത്രം തീര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Top